ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാർഷികസഭയും മഹാവേദഭജനവും
1200 ധനു 10 മുതൽ 14 വരെ (2024 ഡിസംബർ 25 മുതൽ 29 വരെ)
വൈദികധർമ്മം, പരിസ്ഥിതി, സംസ്കൃതി, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ചരിത്രം, സംഗീതം തുടങ്ങി 12 പ്രധാനമേഖലകളിൽ സുസ്ഥിരവികസന കാഴ്ചപ്പാടോടെ പ്രൊജക്ടുകൾ ചെയ്യുന്ന ശ്രീരാഘവപുരം ക്ഷേത്ര ഊരാളരുടെ ധാർമ്മികപ്രസ്ഥാനമാണ് ശ്രീരാഘവപുരം സഭായോഗം.
AD 793 ൽ കണ്ണൂർ ജില്ലയിലെ ചെറുതാഴം ശ്രീരാഘവപുരം ആസ്ഥാനമായാണ് സഭായോഗം രൂപീകൃതമായത്. 2018 ൽ ഈ സംഘടന ധർമ്മട്രസ്റ്റ് ആയി രജിസ്റ്റർ ചെയ്തു. എല്ലാ സജ്ജനങ്ങളെയും ഉൾക്കൊണ്ടാണ് സഭായോഗത്തിൻ്റെ പ്രവർത്തനം. കേന്ദ്രഗവൺമെൻ്റിൻ്റെ നീതി ആയോഗ് രജിസ്ട്രേഷൻ, 12A, CSR, FCRA ആനുകൂല്യങ്ങൾ എന്നിവ ലഭിച്ചിട്ടുണ്ട്.
കേരളത്തിലെ മഹാക്ഷേത്രങ്ങളിലൊന്നായ ശ്രീരാഘവപുരം വലിയ മതിലകത്ത് ഏതാണ്ട് 78 വർഷം മുന്നേ വരെ വാർഷിക വേദഭജനവും സഭ കൂടലും ഉണ്ടായിരുന്നു. ഇത് ഇത്തവണ 1200 ധനു 10 മുതൽ 14 വരെയുള്ള (2024 ഡിസംബർ 25 മുതൽ 29 വരെ) ദിവസങ്ങളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്നു. സഭായോഗം വക സ്വകാര്യ ക്ഷേത്രമായ ചെറുതാഴം ശ്രീ കണ്ണിശ്ശേരിക്കാവിൽ വച്ചാണ് നടത്തുന്നത്.
മഹാവേദഭജനം (ഋക്, യജുസ്, സാമം), യജുർവ്വേദ മുറഹോമം, ലക്ഷാർച്ചന ഇവ കൂടാതെ നിരവധി വിദ്വത്സദസ്സുകളും ക്ഷേത്രകലകളുടെ അവതരണവും ഇതോടൊപ്പം ഉണ്ടായിരിക്കും. ശങ്കരപരമ്പരയിലെ സ്വാമിയാർമാരും വൈദികരും വേദജ്ഞരും ധാരാളം മറ്റ് വിശിഷ്ടവ്യക്തികളും പങ്കെടുക്കും.
രാഘവപുരത്ത് പെരുമാൾ കുലദേവതയായ സഭായോഗത്തിലെ പാരമ്പര്യഅംഗങ്ങളെ (സാഗര-സമുദ്ര കുടുംബക്കാരായ 484 ഇല്ലക്കാർ) കൂടാതെ ധർമ്മോത്കർഷം ആഗ്രഹിക്കുന്ന എല്ലാവർക്കും ചിട്ടകൾ പാലിച്ചുകൊണ്ട് ഈ സത്സംഗത്തിൽ പങ്കെടുക്കാവുന്നതും ഉൽസാഹിക്കാവുന്നതും ആണ്.
ആയതിലേക്ക് താങ്കളെ കുടുംബസമേതം ക്ഷണിക്കുന്നു. എല്ലാവിധ സഹായ സഹകരണങ്ങളും ഉണ്ടാകണമെന്നും വിവിധങ്ങളായ കമ്മിറ്റി പ്രവർത്തനങ്ങളിൽ മുന്നോട്ട് വന്ന് ഉത്സാഹിക്കണമെന്നും ശ്രീരാമനാമത്തിൽ ആവശ്യപ്പെടുന്നു.
Recent Activities