ശ്രീരാഘവപുരം സഭായോഗം 1232-ാമത് മഹാവേദഭജനവും വാർഷികസഭയും

ഒന്നാം ദിനം 24/12/2025

ശ്രീരാഘവപുരം സഭായോഗം 1232-ാമത് മഹാവേദഭജനത്തിനു വാർഷികസഭക്കും 2025 ഡിസംബർ 24 ന് രാവിലെ ബ്രഹ്മശ്രീ. അറത്തിൽ കാരഭട്ടതിരി നാരായണഭട്ടതിരി കാർമ്മികത്വം വഹിച്ച ഗണപതിഹോമത്തോടെ തുടക്കമായി. ബ്രഹ്മശ്രീ. മേപ്പള്ളി നാരായണൻ നമ്പൂതിരിയും ബ്രഹ്മശ്രീ. കുന്നം ജയകൃഷ്ണൻ നമ്പൂതിരിയും അശ്വമേധനമസ്കാരം ചെയ്തു. ബ്രഹ്മശ്രീ. കൊമ്പങ്കുളം വിഷ്ണു സോമയാജി അരുണനമസ്കാരം നടത്തി. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ. കണ്ണിശ്ശേരി ശങ്കരൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ നാഗപൂജ നടന്നു.

തുടർന്ന് “വേദവിദ്യാർത്ഥികളുടെ ധർമ്മം ആധുനികകാലഘട്ടത്തിൽ” എന്ന വിഷയത്തിൽ ബ്രഹ്മശ്രീ. മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരി കുട്ടികളുമായി സംവദിച്ചു.

ഉച്ചക്ക് ശേഷം വൈദികാചാര്യരുടെ വാർഷികയോഗത്തിൽ വിവിധ ദേശങ്ങളിൽ നിന്നായി ഇരുപതോളം പുരോഹിതർ പങ്കെടുത്തു.

തൃശൂർ വടക്കേ ബ്രഹ്മസ്വം മഠം ഋഗ്വേദവിദ്യാർത്ഥികളായ ബ്രഹ്മശ്രീ. പുരളിപ്പുറത്ത് ശ്രീധരൻ നമ്പൂതിരി, ബ്രഹ്മശ്രീ. പയ്യൂർ ശ്രീശങ്കർ നമ്പൂതിരി, ബ്രഹ്മശ്രീ. മുല്ലമംഗലത്ത് ആര്യൻ നാരായണൻ നമ്പൂതിരി, ബ്രഹ്മശ്രീ. കപ്ലിങ്ങാട് പരമേശ്വരൻ നമ്പൂതിരി എന്നിവർ ഋഗ്വേദവും, ബ്രഹ്മശ്രീ. കീഴാനെല്ലൂർ ഭവൻ നമ്പൂതിരി, ബ്രഹ്മശ്രീ. ആമല്ലൂർ സംഗമേശൻ നമ്പൂതിരി, ബ്രഹ്മശ്രീ. വേങ്ങത്താറ്റിൽ മഠം സുഭാഷ് നമ്പൂതിരി, ശ്രീരാഘവപുരം സഭായോഗം യജുർവ്വേദവിദ്യാർത്ഥികൾ എന്നിവർ യജുർവ്വേദവും, പാലക്കാട് കൊടുന്തിറപ്പുള്ളി ജൈമിനീയ സാമവേദ പാഠശാലാവിദ്യാർഥികളായ ബ്രഹ്മശ്രീ. അഭിഷേക് ശർമ്മ, ബ്രഹ്മശ്രീ. വേദാന്ത് ശർമ്മ, ബ്രഹ്മശ്രീ. ഋത്വിക് ശർമ്മ, ബ്രഹ്മശ്രീ. ഋഷുരാജ് ശർമ്മ എന്നിവർ സാമവേദവും മുറജപിച്ചു. ബ്രഹ്മശ്രീ. പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി ബ്രഹ്മശ്രീ. വടക്കേക്കര ജനാള പെരികമന കേശവവാദ്ധ്യാൻ നമ്പൂതിരി, ബ്രഹ്മശ്രീ. അണിമംഗലം വൈശാഖൻ നമ്പൂതിരി എന്നിവർ യജുർവ്വേദമുറഹോമത്തിന് കാർമ്മികത്വം വഹിച്ചു.

വൈകുന്നേരം ബ്രഹ്മശ്രീ. പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി യജുർവ്വേദവാരമിരുന്നു. തുടർന്ന് ബ്രഹ്മശ്രീ. പട്ടേന നീലമന ശംഭു നമ്പൂതിരി ഭഗവതിസേവക്കും ബ്രഹ്മശ്രീ. വടക്കേക്കര ജനാള പെരികമന കേശവവാദ്ധ്യാൻ നമ്പൂതിരി സർപ്പബലിക്കും നേതൃത്വം നൽകി.