സമാപന സമ്മേളനം

ഭാരതത്തിലെ വേദസംസ്കൃതി നിലനിർത്തണം – കേന്ദ്രമന്ത്രി മീനാക്ഷി ലേഖി

ചെറുതാഴം: മനുഷ്യൻ്റെ ആദ്ധ്യാത്മികവും ഭൗധികവുമായ പുരോഗതിക്ക് വേദങ്ങളുടെ നിലനിൽപ്പ് അനിവാര്യം ആണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി. നമ്മുടെ സംസ്കാരത്തിന് മൂല്യച്യുതി സംഭവിച്ചപ്പോളെല്ലാം അതിനെ സംരക്ഷിക്കാൻ വേദസംകൃതി ആണ് നമ്മളെ സഹായിച്ചത്.

ചെറുതാഴം കണ്ണിശ്ശേരിക്കാവിൽ നടന്ന ശ്രീരാഘവപുരം സഭായോഗം 1229-ാമത് വാർഷിക വേദഭജനത്തിൻ്റെയും സഭയുടെയും സമാപന സമ്മേളനം ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

ഋക്ക്, യജുസ്സ് സാമ വേദങ്ങൾക്ക് നൽകുന്ന പ്രാധാന്യം അഥർവവേദ പഠനത്തിനും നൽകണമെന്നും, വേദപഠനത്തോടൊപ്പം ആധുനിക വിദ്യാഭ്യാസത്തിനു കൂടി പ്രാധാന്യം നൽകുന്ന ശ്രീരാഘവപുരം സഭായോഗത്തിൻ്റെ പ്രവർത്തന രീതി അഭിനന്ദനാർഹമാണെന്ന് കേന്ദ്രമന്ത്രി മീനാക്ഷി ലേഖി അഭിപ്രായപെട്ടു. ശ്രീരാഘവപുരം സഭായോഗത്തിൻ്റെ തുടർ പ്രവർത്തനങ്ങൾക്ക് എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

ചടങ്ങിന് എടനീർ മഠാധിപതി ശ്രീമദ് സച്ചിദാനന്ദഭാരതി സ്വാമി തൃപ്പാദങ്ങൾ ഭദ്രദീപപ്രോജ്ജ്വലനം നടത്തി. ശ്രീരാഘവപുരം ക്ഷേത്രട്രസ്റ്റി പണ്ഡിതരത്നം ബ്രഹ്മശ്രീ വാരണക്കോട് ഗോവിന്ദൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. എം പി രാജ്‌മോഹൻ ഉണ്ണിത്താൻ മുഖ്യാതിഥി ആയിരുന്നു. ഗോമിത്ര പദ്ധതിയുടെ രൂപരേഖ പ്രകാശനവും അദ്ദേഹം നിർവ്വഹിച്ചു.

തോട്ടം ശിവകരൻ നമ്പൂതിരി, മുല്ലമംഗലം നാരായണൻ നമ്പൂതിരി, കീഴാനെല്ലൂർ ഭവൻ നമ്പൂതിരി, ആമല്ലൂർ സംഗമേശൻ നമ്പൂതിരി, ജനാള പെരിയമന വാദ്ധ്യാൻ കേശവൻ നമ്പൂതിരി എന്നി വേദജ്ഞരെ ചടങ്ങിൽ ആദരിച്ചു. വേദവിദ്യാ പ്രതിഷ്ഠാനത്തിൻ്റെ രൂപരേഖ കേന്ദ്രമന്ത്രി പ്രകാശനം ചെയ്തു.

നെടുമ്പള്ളി തരണനെല്ലൂർ സതീശൻ നമ്പൂതിരിപ്പാട്, അഡ്വ. വേഴപ്പറമ്പ് ഈശാനൻ നമ്പൂതിരിപ്പാട്, പി എൻ കൃഷ്ണൻ പോറ്റി, നെഡ്ഢം ഭവത്രാതൻ നമ്പൂതിരി, കെ.പി. വിഷ്ണു നമ്പൂതിരി, പി. നാരായണൻ കുട്ടി, മാരാർ സമുദായ സഭ പ്രസിഡണ്ട് ജയചന്ദ്രൻ, വാദ്യ കലാകേസരി ചെറുതാഴം ചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ശ്രീരാഘവപുരം രാമപാദം യജുർവ്വേദപാഠശാല വിദ്യാർത്ഥികളുടെ പ്രാർത്ഥനയോടെ തുടങ്ങിയ ചടങ്ങിന് വാർഷിക സഭ ജനറൽ കൺവീനർ ഡോ ഓ. സി. കൃഷ്ണൻ നമ്പൂതിരി സ്വാഗതവും, ഡോ. ധന്യ എഗ്‌ഡ നീലമന നന്ദിയും പറഞ്ഞു.