ദേവസ്വം സമ്മേളനം

ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാർഷിക സഭക്കും മഹാവേദഭജനത്തിനും കണ്ണിശ്ശേരിക്കാവിൽ പ്രൗഢോജ്ജ്വലമായ തുടക്കം

ഡിസംബർ 25 മുതൽ 29 വരെ നടക്കുന്ന ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാർഷികസഭയുടെയും മഹാവേദഭജനത്തിൻ്റെയും ആദ്യദിനമായ ഡിസംബർ 25 ന് രാവിലെ 5:30 നു ബ്രഹ്മശ്രീ.നടുവത്ത് പുടയൂർ വാസുദേവൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഗണപതിഹോമത്തോട് കൂടെ ചടങ്ങുകൾക്ക് തുടക്കമായി. മുറജപ വേദിയിൽ ബ്രഹ്മശ്രീ.കിഴക്കേ മാങ്ങാട് ഈശ്വരൻ നമ്പൂതിരി വിളക്ക് കൊളുത്തി. ബ്രഹ്മശ്രീ കൊമ്പങ്കുളം സാരസ്വത് നമ്പൂതിരി അരുണനമസ്കാരം ചെയ്തു . തുടർന്ന് ഋഗ്വേദ , യജുർവേദ, സാമവേദ മുറജപത്തിന് ആരംഭം കുറിച്ചു.

രാവിലെ 10:30 ന് നടന്ന ദേവസ്വം സമ്മേളനം അഖിലകേരള ക്ഷേത്രദേവസ്വം ഊരാളസഭ പ്രസിഡൻ്റ് ശ്രീ. കുഞ്ഞിമാധവൻ കനകത്തിടത്തിൻ്റെ അദ്ധ്യക്ഷതയിൽ ബഹു. ജസ്റ്റിസ് ശ്രീ. പി. വി.  കുഞ്ഞികൃഷ്ണൻ (ജഡ്ജ്, കേരള ഹൈക്കോടതി) ഉദ്ഘാടനം ചെയ്തു. തുടർന്ന് ദേവസ്വം ഭൂമിയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ സെമിനാറുകൾ ക്ഷേത്ര ഊരാളൻമാർക്ക് നിരവധി അറിവുകൾ പകർന്നു നൽകി . ദേവസ്വം ഭൂമിയും വർഷാശനവും എന്ന വിഷയത്തിൽ ശ്രീ. എം.  ഹർഷൻ (മുൻ ദേവസ്വം കമ്മീഷണർ – തിരുവിതാംകൂർ, കൊച്ചി, മലബാർ ദേവസ്വം ബോർഡ്) , കേരള ഭൂപരിഷ്കരണവും എച്ച് ആർ & സി ഇ ആക്ടും എന്ന വിഷയത്തിൽ ശ്രീ. രവിലോചനൻ അയ്യങ്കാർ (ട്രസ്റ്റി – ഇൻഡിക് കളക്ടീവ് ട്രസ്റ്റ്), റവന്യൂ റിസർവേകളും ദേവസ്വം ഭൂമിയും എന്ന വിഷയത്തിൽ ശ്രീ. ടി. ജെ. ഉണ്ണികൃഷ്ണൻ (റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി – ദേവസ്വം റവന്യൂ) എന്നിവർ സംസാരിച്ചു.

കേരള ബ്രാഹ്മണസഭ പ്രസിഡൻറ് ശ്രീ. എച്ച്. ഗണേഷ്, ശ്രീ. കെ. സി. മാനവർമ്മരാജ (കിനാവൂർ കോവിലകം, നീലേശ്വരം) എന്നിവർ ആശംസകൾ അർപ്പിച്ചു .

ഉച്ചക്ക് 1:30 മുതൽ ഭജനാമൃതം (സഭായോഗം അറത്തിൽ ദേശസമിതി), അക്ഷരശ്ലോകസദസ്സ്(ചെറുതാഴം അക്ഷരശ്ലോക സമിതി), ഭജനമാലിക(സഭായോഗം കൈതപ്രം ദേശസമിതി) എന്നീ വൈവിധ്യ പരിപാടികളാൽ കണ്ണിശ്ശേരി കാവ് സംഗീത സാന്ദ്രമായി.

വൈകീട്ട് 5 മണിക്ക് ബ്രഹ്മശ്രീ.അബ്ലി ശങ്കരവാധ്യാൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ ഭുവനേശ്വരി പൂജ നടന്നു. തുടർന്ന് മുറജപം, ദീപാരാധന, നിറമാല എന്നിവക്ക് നിരവധി ഭക്ത ജനങ്ങൾ സക്ഷ്യം വഹിച്ചു. ബ്രഹ്മശ്രീ കവപ്രമാറത്ത് നാരായണൻ നമ്പൂതിരി ഋഗ്വേദ വാരം ഇരുന്നു.

രാത്രി 7:30 നു സഭായോഗം യുവജനസഭയുടെ ഗാനമഞ്ജരി പരിപാടിയോടെ ഒന്നാം ദിവസത്തിനു സമാപനമായി.