ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാർഷികസഭ – മഹാവേദഭജനം
മൂന്നാം ദിനം
വാർഷികസഭയുടെയും മഹാവേദഭജനത്തിൻ്റെയും മൂന്നാം ദിനമായ ഡിസംബർ 27 – ന് രാവിലെ 5:30 നു ബ്രഹ്മശ്രീ. കിഴക്കില്ലം നീലമന രഞ്ജിത്ത് നരസിംഹൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യഗണപതിഹോമത്തോട് കൂടി ചടങ്ങുകൾക്ക് തുടക്കമായി. മുറജപവേദിയിൽ ബ്രഹ്മശ്രീ. പെരുമ്പ ശങ്കരൻ നമ്പൂതിരി വിളക്ക് കൊളുത്തി. ബ്രഹ്മശ്രീ. കവപ്രമാറത്ത് നാരായണൻ നമ്പൂതിരി, ബ്രഹ്മശ്രീ. പുരളിപ്പുറം ശ്രീധരൻ നമ്പൂതിരി, ബ്രഹ്മശ്രീ. പയ്യൂർ ശ്രീശങ്കരൻ നമ്പൂതിരി, ബ്രഹ്മശ്രീ. പൂങ്ങാട് ഋഷഭദേവൻ നമ്പൂതിരി എന്നിവർ ഋഗ്വേദമുറജപം ചെയ്തു.
ബ്രഹ്മശ്രീ. ആമല്ലൂർ നാരായണൻ നമ്പൂതിരി, ബ്രഹ്മശ്രീ. കീഴാനെല്ലൂർ ഭവൻ നമ്പൂതിരി, ബ്രഹ്മശ്രീ. ആമല്ലൂർ സംഗമേശൻ നമ്പൂതിരി, ബ്രഹ്മശ്രീ. ആട്ടാട്ടുവള്ളി വൈഷ്ണവ് നമ്പൂതിരി, സഭായോഗം വേദവിദ്യാപ്രതിഷ്ഠാനം യജുർവേദവിദ്യാർത്ഥികൾ എന്നിവർ യജുർവ്വേദമുറജപം നടത്തി.
ബ്രഹ്മശ്രീ. തോട്ടം ശിവകരൻ നമ്പൂതിരിയും സഭായോഗം വേദവിദ്യാ പ്രതിഷ്ഠാനം സാമവേദവിദ്യാർത്ഥികളും സാമവേദം മുറ ജപിച്ചു.
ബ്രഹ്മശ്രീ.പന്തൽ വൈദികൻ ദാമോദരൻ നമ്പൂതിരി,ബ്രഹ്മശ്രീ. അണിമംഗലം സുബ്രഹ്മണ്യൻ നമ്പൂതിരി, ബ്രഹ്മശ്രീ നെടുമ്പിള്ളി തരണനെല്ലൂർ പത്മനാഭൻ നമ്പൂതിരി , ബ്രഹ്മശ്രീ. ജനാള പെരികമന വാധ്യാൻ കേശവൻ നമ്പൂതിരി എന്നിവരുടെ കാർമ്മികത്വത്തിൽ യജുർവേദമുറഹോമം നടന്നു. 7.30 ന് ബ്രഹ്മശ്രീ. മുല്ലപ്പള്ളി രാജനാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ സുകൃതഹോമവും ബ്രഹ്മശ്രീ. തെക്കേക്കര പെരികമന വാദ്ധ്യാൻ ശ്രീകൃഷ്ണദാസ് നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഗോപൂജയും നടന്നു.
രാവിലെ 8:30 ന് ശ്രീരാഘവപുരം സഭായോഗത്തിന്റെ നേതൃത്വത്തിൽ പെരുവാമ്പയിൽ ആരംഭിക്കുന്ന ധർമ്മഗോശാലയുടെ ശിലാസ്ഥാപനച്ചടങ്ങ് നടന്നു. ബ്രഹ്മശ്രീ. ആദിത്യൻ നമ്പൂതിരി ശിലാപൂജയും ബ്രഹ്മശ്രീ. ടി.പി.ആർ. നമ്പൂതിരി ശിലാസ്ഥാപനവും നടത്തി. തുടർന്ന് കണ്ണിശ്ശേരിക്കാവിൽ നടന്ന ഗോസംരക്ഷണസദസ്സിൽ ഔഷധമിത്ര ഡയറക്ടർ ശ്രീ. എം. ശ്രീധരൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. കാസർഗോഡ് ഡ്വാർഫ് കൺസർവേഷൻ സൊസൈറ്റി ഡയറക്ടർ ശ്രീ. പി. കെ. ലാൽ സ്വരാജ് ഗോസംരക്ഷണം ഒരു ഈശ്വരനിയോഗം എന്ന വിഷയത്തിലും മൈലാപ്പൂർ സംസ്കൃതകോളേജ് മുൻ പ്രിൻസിപ്പൽ ഡോ. ടി. പി. ആർ. നമ്പൂതിരി പശുക്കളും നമ്മുടെ വൈദികപാരമ്പര്യവും എന്ന വിഷയത്തിലും സംസാരിച്ചു. ഡോ. ശ്രീശ രാമകൃഷ്ണ ഖരെ (റിട്ട. സീനിയർ വെറ്റിനറി സർജൻ), ശ്രീ. ബാലാജി ചിറ്റിലഞ്ചേരി (പ്രസിഡൻറ് – സഭായോഗം പാലക്കാട് ജില്ലാസമിതി) എന്നിവർ ആശംസാഭാഷണം നടത്തി.
ഉച്ചക്ക് ശേഷം ശ്രീരാഘവപുരം സഭായോഗം അക്കാദമിയുടെ നേതൃത്വത്തിൽ ഉന്നതവിദ്യാഭ്യാസമേഖലയിൽ നേട്ടം കൈവരിച്ചവരെ ആദരിക്കുന്ന ചടങ്ങ് – ആ നോ ഭദ്രാ: ക്രതവോ യന്തു വിശ്വത: – നടന്നു. സഭായോഗം അക്കാദമി ചെയർമാൻ ശ്രീ. ടി. വി. മാധവൻ നമ്പൂതിരി അദ്ധ്യക്ഷത വഹിച്ചു. ഐ. ഐ. ടി. പാലക്കാട് അസി. പ്രൊഫസർ ഡോ. ഉണ്ണികൃഷ്ണൻ ചേരമംഗലത്ത് ഉന്നത വിജയം കൈവരിച്ചവരെ ആദരിച്ചു. കാലിക്കറ്റ് യൂണിവേഴ്സിറ്റി സംസ്കൃതം റിട്ട. പ്രൊഫസർ ഡോ. എൻ. കെ. സുന്ദരേശ്വരൻ “കേരളത്തിലെ അക്കാദമികസമൂഹവും ധർമ്മപ്രതിബദ്ധതയും “എന്ന വിഷയത്തെ അധികരിച്ച് സംസാരിച്ചു.
വൈകീട്ട് 4:30 ന് ബ്രഹ്മശ്രീ. കുന്നം മുരളീകൃഷ്ണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ശ്രീചക്രപൂജ നടന്നു. തുടർന്ന് മുറജപം, ദീപാരാധന, നിറമാല എന്നിവയും നടന്നു. ഡോ. തോട്ടം ശിവകരൻ നമ്പൂതിരി സാമവേദം വാരമിരുന്നു.
രാത്രി 7:30 നു ശ്രീ. ചെറുതാഴം രാജീവമാരാർ സോപാനസംഗീതവും തുടർന്ന് ചിറ്റന്നൂർ കലാക്ഷേത്രം നൃത്തനൈവേദ്യവും അവതരിപ്പിച്ചു.