വാർഷികസഭ

ശ്രീരാഘവപുരം സഭായോഗം 1231-ാമത് വാർഷികസഭ – മഹാവേദഭജനം – രണ്ടാം ദിനം

രാവിലെ 5:30 നു ബ്രഹ്മശ്രീ. ഇളയിടത്ത് പേർക്കുളം ഈശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ അഷ്ടദ്രവ്യഗണപതിഹോമത്തോട് കൂടെ ചടങ്ങുകൾക്ക് തുടക്കമായി . മുറജപവേദിയിൽ ബ്രഹ്മശ്രീ. എഗ്ഡ നീലമന കൃഷ്ണൻ നമ്പൂതിരി വിളക്ക് കൊളുത്തി. തുടർന്ന് ഋഗ്വേദ, യജുർവേദ, സാമവേദ മുറജപം ആരംഭിച്ചു.

10 മണിക്ക് സ്വാമിയാർമാർക്കുള്ള വെച്ചുനമസ്കാരച്ചടങ്ങ് നടന്നു.

10:30 ന് സഭായോഗം പ്രസിഡൻ്റ് ഡോ. ടി. സി. ഗോവിന്ദൻ നമ്പൂതിരിയുടെ അദ്ധ്യക്ഷതയിൽ ചരിത്രപ്രസിദ്ധമായ ശ്രീരാഘവപുരം വാർഷികസഭയിൽ ഹസ്താമലകാചാര്യ പരമ്പര എടനീർ മഠം മൂപ്പിൽ സ്വാമിയാർ ശ്രീമദ് സച്ചിദാനന്ദ ഭാരതി സ്വാമിതൃപ്പാദങ്ങളും തോടകാചാര്യ പരമ്പര മൂപ്പിൽ സ്വാമിയാർ ശ്രീമദ് നാരായണ ബ്രഹ്മാനന്ദതീർത്ഥ സ്വാമി തൃപ്പാദങ്ങളും ചേർന്ന് ഭദ്രദീപം തെളിയിച്ച് അനുഗ്രഹഭാഷണം നടത്തി.

ശ്രീരാഘവപുരം സഭായോഗത്തിന്റെ പരമോന്നതബഹുമതിയായ ശ്രോത്രിയരത്നം വൈദികപുരസ്കാരത്തിൻ്റെ സമർപ്പണം നടന്നു. വേദസംരക്ഷണത്തിനായി ജീവിതം സമർപ്പിക്കുന്ന വേദപണ്ഡിതർക്കാണ് ശ്രോത്രിയരത്നം പുരസ്കാരം. രാജശ്രീ. ചിറക്കൽ കോവിലകം രാമവർമ്മ വലിയ രാജ ബ്രഹ്മശ്രീ. ആമല്ലൂർ നാരായണൻ നമ്പൂതിരിക്ക് പുരസ്കാരം സമർപ്പിച്ചു.

തുടർന്ന് മുൻ ബദരീനാഥ് റാവൽജി ശ്രീനാരദശിഷ്യൻ ബ്രഹ്മശ്രീ. വടക്കേ ചന്ദ്രമന ഈശ്വരപ്രസാദ് നമ്പൂതിരിയെ ആദരിച്ചു. തോടകാചാര്യ പരമ്പര മൂപ്പിൽ സ്വാമിയാർ ശ്രീമദ് നാരായണ ബ്രഹ്മാനന്ദതീർത്ഥ സ്വാമി തൃപ്പാദങ്ങൾ പുരസ്കാരം നൽകി.

രാഘവപുരം സഭായോഗം ധർമ്മരക്ഷണത്തിനായി ചെയ്യുന്ന കാര്യങ്ങളെ സ്വാമിയാർമാരും മുൻറാവൽജിയും തമ്പുരാനും പ്രശംസിച്ചു. ആദ്ധ്യാത്മികവും ഭൗതികവുമായ ഉന്നതിക്കായി കൂടുതൽ കാര്യങ്ങൾ ഒരുമിച്ച് ചെയ്യുവാൻ ഉദ്ബോധിപ്പിച്ചു.

സ്വാതിതിരുനാൾ കൃതികളെ അധികരിച്ചുള്ള ഗവേഷണത്തിനും ഗ്രന്ഥരചനക്കും സംഗീതസഭയുടെ എക്സിക്യുട്ടീവ് അംഗമായ ശ്രീ. അജിത് നമ്പൂതിരിയെ സഭായോഗം ആദരിച്ചു. ഡോ. ടി.സി.ജി. നമ്പൂതിരി പുരസ്കാരം നൽകി.

സഭായോഗം സെക്രട്ടറി ഹരി പേർക്കുണ്ഡി വാദ്ധ്യാൻ 2024 ലെ വാർഷികറിപ്പോർട്ടും 2025 ലെ പ്രവർത്തനപദ്ധതിയും അവതരിപ്പിച്ചു.

ശ്രീമതി വിഷ്ണുമംഗലത്ത് ഇടമന ശ്യാമള അന്തർജ്ജനം, ശ്രീ. വാളക്കോട് മാധവൻ നമ്പൂതിരി, ശ്രീ. വാരണക്കോട് വിഷ്ണു നമ്പൂതിരി എന്നിവർ സഭായോഗം ഭരണസമിതി അംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു.

ഔഷധമിത്ര ഹെർബൽ പ്രൊഡ്യൂസർ കമ്പനിയുടെ നാടൻ തേൻ, നെയ്യ്, ഭസ്മം പ്രൊഡക്റ്റുകളുടെ വിപണനോദ്ഘാടനം ഡോ. തോട്ടം ശിവകരൻ നമ്പൂതിരി, ശ്രീ. കാര ഭട്ടതിരി മാധവൻ ഭട്ടതിരി, ശ്രീ. മേപ്പള്ളി നാരായണൻ നമ്പൂതിരി എന്നിവർക്ക് നൽകി ഡോ. ടി.സി.ജി. നമ്പൂതിരി നിർവ്വഹിച്ചു. യോഗക്ഷേമസഭ കണ്ണൂർജില്ലാ പ്രസിഡൻ്റ് ശ്രീ. മധു മരങ്ങാട് ചടങ്ങിന് ആശംസകൾ അർപ്പിച്ചു.

വാർഷികസഭയിൽ സഭായോഗം തൃച്ചംബരം നടുവിൽ മഠം പാഠശാല വിദ്യാർത്ഥികൾ വേദപ്രാർത്ഥന ചൊല്ലി. സംഘാടകസമിതി ചെയർമാൻ ശ്രീ. വെള്ളിയോട് മാധവൻ നമ്പൂതിരി സ്വാഗതവും ജന. കൺവീനർ ഡോ. ഒ. സി. കൃഷ്ണൻ നമ്പൂതിരി നന്ദിയും പറഞ്ഞു.

ശങ്കരപ്രതിമയിൽ സ്വാമിയാർമാർ പുഷ്പാർച്ചന നടത്തി. സമാധിയായ ജഗദ്ഗുരു ശങ്കര തോടകാചാര്യ പരമ്പര മൂപ്പിൽ സ്വാമിയാർ ശ്രീമദ് പരമേശ്വരബ്രഹ്മാനന്ദ തീർത്ഥ സ്വാമിയാരുടെ ഛായാപടം അനാച്ഛാദനം ചെയ്തു.

ഉച്ചക്ക് ശേഷം അതിയടം കൃഷ്ണകൃപാ നാരായണീയസമിതിയുടെ നാരായണീയപാരായണം ഉണ്ടായി.

സന്ധ്യക്ക് ബ്രഹ്മശ്രീ. പുടയൂർ ജയനാരായണൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിൽ ഭഗവതിസേവ. തുടർന്ന് മുറജപം, ദീപാരാധന, നിറമാല, ബ്രഹ്മശ്രീ. ആമല്ലൂർ നാരായണൻ നമ്പൂതിരിയുടെ യജുർവ്വേദവാരം എന്നിവ നടന്നു. ബ്രഹ്മശ്രീ. വാച്ചവാദ്ധ്യാൻ മാധവൻ നമ്പൂതിരി, ബ്രഹ്മശ്രീ. കുന്നം ജയകൃഷ്ണൻ നമ്പൂതിരി എന്നിവർ അശ്വമേധനമസ്കാരം ചെയ്തു.

രാത്രി 7:30 നു ശ്രീരാഘവപുരം സംഗീതസഭ അവതരിപ്പിച്ച സംഗീതക്കച്ചേരി വേദിയെ ഭക്തിസാന്ദ്രമാക്കി. XYZ, ABC, PQR തുടങ്ങിയവർ കച്ചേരി അവതരിപ്പിച്ചു.